District News
ചങ്ങനാശേരി: കിഴക്കന് വെള്ളം ക്രമാതീതമായി എത്തിയതോടെ ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ കൂടുതല് ഭാഗങ്ങള് മുങ്ങി. കെഎസ്ആര്ടിസി ബസുകളുള്പ്പെടെ വാഹന ഗതാഗതം ദുരിതത്തിലായി.
പമ്പ, മണിമല, അച്ചന്കോവില് ആറുകള് കരകവിഞ്ഞെത്തിയ വെള്ളമാണ് പൂവം, നക്രാല്, കോമങ്കേരിച്ചിറ, മുട്ടാര് പ്രദേശങ്ങളെ പ്രളയത്തില്മുക്കി എസി കനാലും കടന്ന് എസി റോഡിലൂടെ ഒഴുകുന്നത്. തോടും റോഡും പാടശേഖരങ്ങളും തിരിച്ചറിയാനാകാത്തവിധം ഈ പ്രദേശങ്ങള് വെള്ളത്തില് മുങ്ങി.
District News
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കിടങ്ങറ മനയ്ക്കച്ചിറ വരെയുള്ള ഭാഗത്ത് വെള്ളം കയറി. എസി കനാലിൽനിന്ന് റോഡിലേക്ക് കയറുന്ന വെള്ളം ശക്തിയായി വടക്കുഭാഗത്തെ പാടശേഖരത്തിലേക്ക് ഒഴുകി മാറുന്നത് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയായി.
കോടികൾ മുടക്കി പുനരുദ്ധരിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡ് വെള്ളപ്പൊക്കത്തിന്റെ ആരംഭത്തിൽ തന്നെ യാത്രക്കാർക്ക് ഉപയോഗിക്കാനാവാത്തവിധം വെള്ളത്തിനടിയിലായത് നിർമാണം അശാസ്ത്രീയമാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതായി. എസി റോഡിന്റെ തെക്കുഭാഗത്ത് വെള്ളപ്പൊക്കം വർധിക്കാൻ നിലവിലെ രീതിയിലുള്ള റോഡ് പുനരുദ്ധാരണം കാരണമായിട്ടുണ്ട്.
മണിമലയാറിന്റെ കൈവഴിയിലൂടെ കിടങ്ങറ ഒന്നാം പാലത്തിനടുത്തെത്തി എസി കനാലിലൂടെ ശക്തമായി മനയ്ക്കച്ചിറ ഭാഗത്തേക്ക് ഒഴുകുന്ന മലവെള്ളമാണ് തിങ്കളാഴ്ച എസി റോഡിലെ യാത്രയെ തടസപ്പെടുത്തിയത്. എസി റോഡിൽ വെള്ളം കയറിയതിന് മുന്നറിയിപ്പൊന്നും നല്കിയിട്ടില്ലാത്തതിനാൽ ആലപ്പുഴ ഭാഗത്തുനിന്നും ചങ്ങനാശേരി ഭാഗത്തുനിന്നും എത്തുന്ന ചെറുവാഹനങ്ങൾ വെള്ളത്തിലൂടെ സഞ്ചരിച്ച് യന്ത്രം തകരാറിലാകുന്നതും പതിവായി.
കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രായമായവരും രോഗികളുമായ നിരവധി ആളുകളാണ് ചെറുവാഹനങ്ങളിൽ ചങ്ങനാശേരിയിലേക്കും സമീപപ്രദേശങ്ങളിലും സുരക്ഷിത സ്ഥാനം തേടി പോകുന്നത്. ഇവർക്കും വെള്ളക്കെട്ട് ദുരിതം വിതക്കുകയാണ്.
എസി റോഡ് നവീകരണം: കുട്ടനാട്ടുകാരെ വഞ്ചിച്ചെന്ന്
മങ്കൊമ്പ്: എസി റോഡ് പുനരുദ്ധാരണത്തിൽ കുട്ടനാട്ടുകാർ വഞ്ചിക്കപ്പെട്ടുവെന്ന് കോൺഗ്രസ് സൗത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആരോപിച്ചു. പദ്ധതി ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. പ്രളയകാലത്ത് ഏറ്റവുമധികം വെള്ളം കയറുന്ന പൂവം, മനയ്ക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ നിർമിച്ചില്ല. യാതൊരാവശ്യവുമില്ലാത്ത മങ്കൊമ്പ് ബ്ലോക്ക്, നസ്രത്ത്, ജ്യോതി ജംഗ്ഷൻ, പൊങ്ങ തുടങ്ങിയ സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ പണിതതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഖജനാവിൽ ഉണ്ടാക്കിയിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും നിർമിച്ച ഓടകൾ റോഡിൽ അസൗകര്യമായി മാറിയെന്ന് പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.
ക്യാമ്പ് സന്ദര്ശിച്ച് എംഎല്എ
എടത്വ: വെള്ളപ്പൊക്കത്തെത്തുടര്ന്ന് തലവടി പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള് റെജി ചെറിയാന് എംഎല്എ സന്ദര്ശിച്ചു. ക്യാമ്പില് കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എംഎല്എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും സര്ക്കാര് തലത്തില് ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാര് പിഷാരത്ത്, ഗോകുല് ഗോപാലകൃഷ്ണന് എന്നിവരും ഒപ്പമുണ്ടാ യിരുന്നു. വെള്ളപ്പൊക്ക സാഹചര്യത്തില് ക്യാമ്പിലുള്ളവര്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് എംഎല്എ നിര്ദേശം നല്കി.
District News
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ (എസി റോഡ്) നടുനിവർത്താൻ പോലും വാഹനം നിർത്തിയേക്കരുത്. പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത റോഡിൽ വണ്ടി നിർത്തിയാൽ പിഴ ഉറപ്പാണ്. എസി റോഡിൽ സർക്കാർ സ്പോൺസേർഡ് കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ആലപ്പുഴ, ചങ്ങനാശേരി, കുട്ടനാട് എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥരുമാണ് ഈ ഔദ്യോഗിക കൊള്ളക്ക് തയാറായി നിൽകുന്നത്.
പുതുക്കി നിർമിച്ച എസി റോഡിന്റെ ഇരുവശങ്ങളിലും ഓടകളും നടപ്പാതയും റോഡിനെക്കാൾ ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരി വരെയുള്ള 24 കിലോമീറ്ററിൽ ഒരിടത്തുപോലും വാഹന പാർക്കിംഗ് സൗകര്യം ഇല്ല.
എസി റോഡിന് വശത്തുള്ള സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലോ കടകളിലോ കയറണമെങ്കിൽ കിലോമീറ്ററുകൾ മാറ്റി സൗകര്യമുള്ള ഏതെങ്കിലും ഇടറോഡ് കണ്ടെത്തി വാഹനം പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്.
അടിയന്തര സാഹചര്യങ്ങളിൽ റോഡിന്റെ വശത്ത് പരമാവധി ഒതുക്കി പാർക്ക് ചെയ്താൽ പോലും വാഹനത്തിന്റെ പകുതി റോഡിലേക്ക് നിൽക്കത്തക്ക രീതിയിലാണ് പാർക്കിംഗ് ലൈൻ വരച്ചിരിക്കുന്നത്. ഇവിടെ വണ്ടിയിട്ടാൽ കഴുകൻ കാമറയുമായി നടക്കുന്ന ഉദ്യോഗസ്ഥരുടെ പിടിയിൽ വീണിരിക്കും.
എന്നാൽ, നടപ്പാതക്കായി വേർതിരിച്ചിരിക്കുന്ന സ്ഥലത്ത് കയറ്റി വാഹനം പാർക്ക് ചെയ്താൽ ഫൈൻ അടിക്കാറില്ലെന്നതാണ് കൂടുതൽ രസകരം. ആവശ്യത്തിന് പാർക്കിംഗ് സൗകര്യമൊരുക്കാതെ റോഡ് നിർമിച്ചിട്ട് വാഹന ഉടമകളുടെ പോക്കറ്റടിക്കുന്ന സമ്പ്രദായത്തിനെതിരേ പല കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. അന്യായമായ ഈ ഉദ്യോഗസ്ഥ നടപടിക്കെതിരേ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
രാമങ്കരി: കാലവർഷം ശക്തിപ്പെടുന്നതിന് മുന്നോടിയായി അപകടങ്ങളും മറ്റും ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള മഴക്കാല പൂർവ ശുചീകരണം ശക്തമാക്കണമെന്ന സർക്കാർ നിർദ്ദേശം അറിഞ്ഞ ഭാവം പോലും നടിക്കാതെ അധികൃതർ. എസി കനാലിനോട് ചേർന്നുള്ള ഭാഗത്ത് നട്ടുപിടിപ്പിച്ചിട്ടുള്ള വൻ വൃക്ഷങ്ങളുടെ നീളമേറിയ കൊന്പുകൾ കാറ്റത്ത് ഏത് സമയത്തും താഴേക്ക് പതിച്ച് വൻ അപകടങ്ങൾക്കു തന്നെ കാരണമാകുംവിധം റോഡിലേക്ക് പടർന്ന് നില്കുന്നത് കണ്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ.
വലിയ കാറ്റോ മഴയോ ഉണ്ടായാൽ ഈ വൃക്ഷക്കൊന്പുകൾ എപ്പോൾ വേണമെങ്കിലും റോഡിലേക്ക് പതിക്കുകയോ ഗതാഗതം തടസപ്പെടുകയോ ചെയ്യാം. എന്നുമാത്രമല്ല ചിലപ്പോൾ വൻ അപകടങ്ങൾക്കുതന്നെ കാരണവുമാകാം. എന്നിട്ടും ഇവ വെട്ടി മാറ്റാനോ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനോ അധികൃതർ ഇതുവരെ തയാറാകാത്തത് നാട്ടുകാരെ മാത്രമല്ല, ഈ റൂട്ടിലൂടെയുള്ള ബഹുഭൂരിപക്ഷം വരുന്ന യാത്രക്കാരെയും ഒരേപോലെ ആശങ്കപ്പെടുത്തുകയാണ്.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഓരോ സെക്കൻഡിലും വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കുള്ള ഈ പാതയിലുണ്ടാകുന്ന ഏതൊരുതടസവും നൂറ് കണക്കിന് ആളുകളെയാണ് ബുദ്ധിമുട്ടിലാക്കുക. ആലപ്പുഴ മുതൽ ചങ്ങനാശേരി വരെ നീളുന്ന ഈ റോഡ് മുൻകാലങ്ങ ളിൽ ഇങ്ങനെ നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്്.
എന്നിട്ടും അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ തയാറാകാത്തതാണ് ജനത്തെ ആശങ്കയിലാഴ്ത്തുന്നത്. ആലപ്പുഴ ഉൾപ്പെടെയുള്ള പല ജില്ലകൾക്കും കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായിട്ടുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. വരും നിമിഷങ്ങളിൽ മഴയും കാറ്റും ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് റോഡിലേക്ക് നീണ്ടു നില്ക്കുന്ന വൃക്ഷക്കൊന്പുകൾ വെട്ടി നീക്കാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
District News
ചങ്ങനാശേരി: എഴുനൂറു കോടിയോളം രൂപ വിനിയോഗിച്ച് നിർമിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില് വന്വീഴ്ചയെന്ന് ആക്ഷേപം.
കെഎസ്ടിപിയുടെ മേല്നോട്ടത്തില് ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് സൊസൈറ്റിയാണ് 24.4 കിലോമീറ്റര് ദൂരമുള്ള റോഡ് നിര്മിച്ചത്. എന്നാല്, വാഹനങ്ങള്ക്കും യാത്രക്കാര്ക്കും വേണ്ടത്ര സുരക്ഷ സജ്ജമാക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇതുമൂലം അപകടങ്ങള് പെരുകുകയാണ്.
റോഡില് രാത്രി വെളിച്ചമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. ചുരുക്കം വഴിവിളക്കുകള് മാത്രമാണ് തെളിയുന്നത്. പാലങ്ങളിലും ജംഗ്ഷനുകളിലും 416 സോളാര് വിളക്കുകള് സ്ഥാപിക്കുന്ന ജോലികള് ആരംഭിച്ചെങ്കിലും എഴുപതെണ്ണം മാത്രമാണ് പൂർത്തിയായത്. 30 എല്യുഎക്സിന്റെ വിളക്കുകളാണ് സ്ഥാപിച്ചത്. ഓർഡര് നല്കിയ കമ്പനി യഥാസമയം വിളക്കുകളെത്തിക്കാതെ വന്നതാണ് സോളാര് വിളക്കുകള് സ്ഥാപിക്കുന്നതു തടസപ്പെടാന് കാരണമെന്ന് അധികൃതര് ചൂണ്ടിക്കാട്ടുന്നത്.
Kerala
ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്. കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.
കനത്ത പുക പടർന്നതു മൂലം കുറെ നേരത്തേക്ക് എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സിന്റെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്. കൊയ്ത്തിനു ശേഷമുള്ള കച്ചിക്കാണ് തീപിടിച്ചത്.
കാറ്റടിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തീ കരയിലേക്കു പടരുമോയെന്ന ആശങ്കയും ശക്തമായിരുന്നു. നാട്ടുകാർ ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
Kerala
ചങ്ങനാശേരി: നവീകരിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ സമര്പ്പണം ശനിയാഴ്ച രാവിലെ 10ന് മങ്കൊമ്പ് ജംഗ്ഷനില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എന്. ബാലഗോപാല്, സജി ചെറിയാന്, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നില് സുരേഷ്, കെ.സി. വേണുഗോപാല്, എംഎല്എമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിള്, എച്ച്. സലാം, തോമസ് കെ.തോമസ് തുടങ്ങിയവര് പ്രസംഗിക്കും. വീയപുരം-എടത്വ- മാമ്പുഴക്കരി-മുളയ്ക്കാംതുരുത്തി-തുരുത്തി റോഡിന്റെ നിര്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്വഹിക്കും.
2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്ണമായും വെള്ളത്താല് മൂടപ്പെടുകയും കുട്ടനാട് നിവാസികള് ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്ക്കാര് എസി റോഡ് ആധുനികമായി നവീകരിക്കാന് പദ്ധതിയിട്ടത്.
24.164 കിലോമീറ്റര് ദൂരം വരുന്ന എസി റോഡ് റീബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില് ഉള്പ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിര്മാണം പൂര്ത്തീകരിച്ചത്. 2021ലാണ് നിര്മാണത്തിനു തുടക്കംകുറിച്ചത്.
നാല് വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളില് അഞ്ച് സെമി എലിവേറ്റഡ് ഫ്ലൈഓവറുകളും മൂന്ന് കോസ്വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളില് നടപ്പാതകളും നിര്മാണം പൂര്ത്തിയാക്കിയിട്ടുണ്ട്. 400 സോളാര് വിളക്കുകള് സ്ഥാപിക്കുന്ന ജോലികള് നടന്നുവരികയാണ്.
District News
ചങ്ങനാശേരി: നവീകരിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ സമര്പ്പണം നാളെ രാവിലെ പത്തിന് മങ്കൊമ്പ് ജംഗ്ഷനില് മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എന്. ബാലഗോപാല്, സജി ചെറിയാന്, പി. പ്രസാദ്, എംപിമാരായ കൊടിക്കുന്നില് സുരേഷ്, കെ.സി. വേണുഗോപാല്, എംഎല്എമാരായ രമേശ് ചെന്നിത്തല, ജോബ് മൈക്കിള്, എച്ച്. സലാം, തോമസ് കെ.തോമസ് തുടങ്ങിയവര് പ്രസംഗിക്കും.
വീയപുരം-എടത്വ- മാമ്പുഴക്കരി-മുളയ്ക്കാംതുരുത്തി-തുരുത്തി റോഡിന്റെ നിര്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്വഹിക്കും.
2018ലെ മഹാമാരി കാലത്ത് എസി റോഡും കുട്ടനാട് പൂര്ണമായും വെള്ളത്താല് മൂടപ്പെടുകയും കുട്ടനാട് നിവാസികള് ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും കരകയറുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്ക്കാര് എസി റോഡ് ആധുനികമായി നവീകരിക്കാന് പദ്ധതിയിട്ടത്.
24.164 കിലോമീറ്റര് ദൂരംവരുന്ന എസി റോഡ് റീബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില് ഉള്പ്പെടുത്തി 752 കോടി രൂപ വിനിയോഗിച്ചാണ് നിര്മാണം പൂര്ത്തീകരിച്ചത്. 2021ലാണ് നിര്മാണത്തിനു തുടക്കംകുറിച്ചത്.
നാലു വലിയ പാലങ്ങളും 13 ചെറിയ പാലങ്ങളും വെള്ളപ്പൊക്കം രൂക്ഷമാകുന്ന ഭാഗങ്ങളില് അഞ്ച് സെമി എലിവേറ്റഡ് ഫ്ളൈഓവറുകളും മൂന്ന് കോസ്വേകളും 73 കലുങ്കുകളും പാലങ്ങളുടെ വശങ്ങളില് നടപ്പാതകളും നിര്മാണം പൂര്ത്തിയാക്കിയിട്ടുണ്ട്. നാനൂറ് സോളാര് വിളക്കുകള് സ്ഥാപിക്കുന്ന ജോലികള് നടന്നുവരികയാണ്.
District News
രാമങ്കരി: എസി റോഡിലെ പ്രധാന ജംഗ്ഷനുകളിൽ നേരത്തേ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രധാന ജംഗ്്ഷനുകളായ കൈനകരി പണ്ടാരക്കളം, പൂപ്പള്ളി, നെടുമുടി, മങ്കൊന്പ്, പള്ളിക്കുട്ടുമ്മ, രാമങ്കരി തുടങ്ങിയ നാലുംകൂടിയ കവലകളിൽ ഒരിടത്തുപോലും പഴയ സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ല. ഇതോടെ മറ്റു റോഡുകളിൽ നിന്ന് ഏത് വാഹനത്തിനും ഒരു നിയന്ത്രണവുമില്ലാതെ എസി റോഡിലേക്ക് കടന്നുവരുവാനും,തിരിഞ്ഞുപോകുവാനും സാധിക്കുമെന്ന സ്ഥിതിയാണ്. ഇത് പലപ്പോഴും വൻ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നു മാത്രമല്ല നിരവധി പേരുടെ ജീവൻ പോലിയുന്നതിനുപോലും കാരണമാകുന്നു.
റോഡിൽ രാത്രി വെളിച്ചം ലഭിക്കുവാനായി ആവിഷ്കരിച്ച ഭൂഗർഭ വൈദ്യുതലൈൻ സ്ഥാപിക്കൽ പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. അതിനാൽ രാത്രിയാകുന്നതോടെ കുറ്റാക്കൂരിരിട്ടിൽ മറയുന്ന റോഡിൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് പ്രധാന അപകട ജംഗ്ഷനുകളൊന്നുപോലും മുൻകൂട്ടി തിരിച്ചറിയുവാനുള്ള സൗകര്യവുമില്ല. ഓരോ ദിവസവും ഇവിടെ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതിന് ഇതും ഒരു കാരണമായിട്ടുണ്ട്. പുതുതായി നിർമിച്ച കിടങ്ങറ-മുട്ടാർ പാലത്തിൽ മാത്രമാണ് പേരിനെങ്കിലും ഇപ്പോൾ സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്നത്.
District News
ചന്പക്കുളം: ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് എസി റോഡ്. 24.2 കിലോമീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും എലിവേറ്റഡ് ഫ്ലൈഓവറുകളും 12 പാലങ്ങളും 65ഓളം കലുങ്കുകളും ഒക്കെയായി. മണിമലയാർ, പമ്പാനദി, പമ്പയുടെ കൈവഴിയായ പൂക്കൈതയാർ എന്നിവയ്ക്ക് കുറുകെ യഥാക്രമം കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നവിടങ്ങളിൽ വലിയ പാലങ്ങളുണ്ട്.
650 കോടിയിലധികം രൂപ മുടക്കിയാണ് പുനർനിർമിക്കാൻ പദ്ധതി ഇട്ടതെങ്കിലും ഇതിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ബജറ്റ് ഏകദേശം 880 കോടി രൂപ കവിയും. ഊരാളുങ്കൽ ലേബർ കോൺട്രിക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാറുകാർ.
പുനരുദ്ധാരണം എവിടെ വരെ?
ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഇപ്പോൾ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കൊണ്ട് വെള്ളപ്പൊക്ക കാലത്ത് ഈ റോഡ് പൂർണമായും ഗതാഗതത്തിന് ഉപയോഗിക്കാനാവുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് കുട്ടനാട്ടുകാരുടെ അഭിപ്രായം. സെമി എലിവേറ്റഡ് ഹൈവേകൾ നിർമിക്കേണ്ടിയിരുന്ന ചില ഇടങ്ങളിൽ അവ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.
മഴപെയ്താൽ മണിക്കൂറുകൾ വെള്ളം റോഡിൽതന്നെ നില്ക്കുന്ന സാഹചര്യമാണ് പല സ്ഥലത്തും നിലനില്ക്കുന്നത്. ഇരുവശത്തും റോഡിനേക്കാൾ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബ് ബോക്സ് ഓടകൾ സ്ഥാപിച്ച് അവയിലേക്ക് റോഡിൽ നിന്ന് വെള്ളമൊഴുക്കി കളയാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഓരോ മഴ കഴിയുമ്പോഴും തൂമ്പയും പാരയുമായി റോഡിന്റെ വശങ്ങളിലെ ദ്വാരങ്ങൾ വലുതാക്കാൻ പരിശ്രമിക്കുന്ന കരാറുകാരുടെ തൊഴിലാളികൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
വശങ്ങളിലെ ഓടകളും നടപ്പാതയും ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ വെള്ളം യഥാസമയം ഒഴുകിമാറില്ല. വശങ്ങൾ ഉയർന്ന് നില്ക്കുന്നതിനാൽ വാഹന പാർക്കിംഗിന് മുൻപ് ഉണ്ടായിരുന്ന സൗകര്യം പൂർണമായും ഇല്ലാതായി. ഇത് പാർക്കിംഗിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വശത്ത് വിശാലമായ കനാലുണ്ടായിരിക്കേയാണ് ഇരുവശവും ഉയർത്തി അശാസ്ത്രീയമായി ഓട നിർമിച്ചിരിക്കുന്നത്. വെള്ളവും ഒഴുകില്ല, വാഹന പാർക്കിംഗും സാധിക്കില്ല.
ചങ്ങനാശേരി പെരുന്ന മുതൽ കളർകോട് ദേശീയപാത വരെ പുനർനിർമിക്കുന്ന എസി റോഡ് കുട്ടനാട്ടിലെ റോഡുഗതാഗതത്തിന് പുതിയ മാനം നല്കും എന്നതിൽ സംശയമില്ല. എന്നാൽ റോഡിന്റെ ഡിസൈനെപ്പറ്റിയുള്ള വിമർശനങ്ങൾ നിരവധിയാണ്.
കുട്ടനാട്ടിലെ നീരൊഴുക്കിനെ ഈ റോഡ് നിർമാണം ദോഷകരമായി ബാധിക്കും. എസി കനാൽ പള്ളാത്തുരുത്തി വരെ പൂർണമായും തുറന്നിരുന്നെങ്കിൽ എസി റോഡനു തെക്കു ഭാഗത്തെ വെള്ളക്കെട്ടിനും പ്രളയജലത്തിന്റെ ഒഴുക്കിനും ഒരു പരിധി വരെ പരിഹാരമാകുമായിരുന്നു. എസി റോഡ് പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപ് റോഡിന് മുകളിലൂടെ ഒഴുകിമാറിയിരുന്ന വെള്ളം ഇനി റോഡിന് തെക്കു ഭാഗത്തു മാത്രമായി കെട്ടിക്കിടക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഇനി എസി റോഡിന് വടക്കും എ സി റോഡിനു തെക്കും വ്യത്യാസപ്പെട്ടിരിക്കും.
യാത്രയ്ക്ക് വേഗത കൈവരുമ്പോഴും പുനർനിർമിക്കപ്പെട്ട കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ പഴയ പാലങ്ങളുടെ കൈവരികൾക്ക് തീരെ ഉയരമില്ലാത്തത് അപകടം വിളിച്ചുവരുത്തും. ഇപ്പോൾ തന്നെ റോഡിന് വശത്തെ നടപ്പാതകൾ മിക്കയിടങ്ങളിലും കച്ചവടക്കാർ കൈയേറിയിരിക്കുന്നത് റോഡ് പൂർണമായും തുറക്കുന്നതോടെ വർധിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട, എംസി റോഡിനെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗം തീർത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ഉദ്ഘാടനം നടത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ.
എസി റോഡ്: തിരുക്കൊച്ചി ഭരണാധികാരികളുടെ വിപ്ലവകരമായ തീരുമാനം
ചന്പക്കുളം: തിരുക്കൊച്ചി ഭരണാധികാരികൾ 1951ലെടുത്ത വിപ്ലവകരമായൊരു തീരുമാനമായിരുന്നു കോട്ടയത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചങ്ങനാശേരിയെയും തുറമുഖ നഗരമായ ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് നിർമിക്കുകയെന്നത്. അന്നത്തെ മന്ത്രിസഭയിലെ അംഗവും ചങ്ങനാശേരിയുടെ പ്രതിനിധിയുമായിരുന്ന കെ.എം. കോരയുടെ ആശയത്തിൽ രൂപം കൊണ്ടതാണ് ഇന്ന് കാണുന്ന എസി (ആലപ്പുഴ-ചങ്ങനാശേരി) റോഡ്.
തിരുക്കൊച്ചിയിലെ അന്നത്തെ ഇറിഗേഷൻ ചീഫ് എൻജിനിയർ വൈദ്യനാഥ അയ്യരാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. എസി റോഡിന്റെ നിർമാണത്തിനു മുൻപ് ആലപ്പുഴയും ചങ്ങനാശേരിയും തമ്മിലും, കോട്ടയവും ആലപ്പുഴയും തമ്മിലും ജലഗതാഗത സൗകര്യങ്ങൾ മാത്രമാണുണ്ടായിരുന്നത്.
മണിമലയാർ, പമ്പയാർ, പൂക്കൈതയാർ എന്നിവയിൽ യഥാക്രമം കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ കടത്ത് സൗകര്യത്തോടെ, ചങ്ങനാശേരിയിലെ പെരുന്നയിൽനിന്ന് ആരംഭിച്ച് ആലപ്പുഴ എസ്ഡി കോളജിന് സമീപത്ത് അവസാനിക്കുന്ന തരത്തിൽ റോഡ് രൂപകല്പന നടത്തിയപ്പോൾ അതൊരു പരാജയമാകുമെന്ന് പലരും വിമർശിച്ചിരുന്നു.
എന്നാൽ കുട്ടനാടിനെ അടുത്തറിഞ്ഞിരുന്ന ഭക്ഷ്യ-കൃഷി- ധനവകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കെ.എം. കോര കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താതെയാണ് ഈ റോഡ് നിർമാണം പൂർത്തിയാക്കിയത്. റോഡിന്റെ വശങ്ങളിൽ കൽക്കെട്ടിന് പകരം വട്ടിപ്പുുല്ലുവച്ച് റോഡ് ബലപ്പെടുത്തി.
കൃഷിക്ക് കൂടുതൽ സൗകര്യമൊരുക്കാൻ റോഡിന് വശങ്ങളിൽ മെതിക്കളങ്ങളും രൂപകല്പന ചെയ്താണ് എസി റോഡ് നിർമിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മഹാരാജാവിന്റെ പേരിലുണ്ടായിരുന്ന നിലങ്ങളിലൂടെയായിരുന്നു റോഡ് കൊണ്ടുവന്നത്. അതിനാൽ ഈ നിലങ്ങൾക്ക് വില കൊടുക്കേണ്ടിവന്നില്ല.
പെരുന്ന മുതൽ കളർകോട് വരെ 12 പാലങ്ങൾ, ഓരോ പാടശേഖരങ്ങളിലേക്കും വെള്ളം കയറ്റുന്നതിനുള്ള വലിയ കലിങ്കുകൾ, മണിമലയാറിനെയും, പമ്പയാറിനെയും ബന്ധിപ്പിച്ച് പെരുന്നയിൽ നിന്നാരംഭിക്കുന്ന എസി കനാൽ പള്ളാത്തുരുത്തിയിൽ പൂക്കൈതയാറ്റിൽ എത്തിക്കുന്ന രീതിയിലാണ് അന്ന് കനാൽ നിർമാണം വിഭാവനം ചെയ്തത്.
എസി കനാലിന്റെ ഇരുകരകളിലും താമസ യോഗ്യമായ ചിറകൾ നിർമിക്കണമെന്നതും റോഡ് നിർമിച്ചവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു. ജനവാസമില്ലാത്ത വെറും കൃഷിയിടങ്ങളിലടെയുള്ള റോഡ് നിർമാണം യാത്രക്കാരെ ആകർഷിക്കില്ലെന്ന കണക്കുകൂട്ടലിൽ നിന്നാണ് എസി കോളനി എന്ന ആശയം രൂപപ്പെട്ടത്.
എന്നാൽ ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ഒരു പ്രദേശമായി എസി റോഡിന്റെ സമീപ പ്രദേശങ്ങൾ മാറിയെങ്കിൽ അത് ഇതിന് നേതൃത്വം കൊടുത്തവരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്. കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും കടത്തുകൾക്കു പകരം വലിയ പാലങ്ങൾ വന്നത് റോഡ് ഗതാഗതത്തിന്റെ വേഗത പതിൻമടങ്ങ് വർധിപ്പിച്ചു.
Kerala
കൊട്ടാരക്കര: നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ആലപ്പുഴ-ചങ്ങനാശേരി റോഡില് മുട്ടാര് പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം. ഡിസംബര് 18 മുതല് ജനുവരി 12 വരെ മുട്ടാര് പാലം വഴി എല്ലാ വാഹനങ്ങളുടെയും ഗതാഗതം പൂര്ണമായി നിരോധിച്ചു.
പാലത്തിന്റെ തെക്ക് ഭാഗത്തെ അപ്രോച്ച് സ്ലാബിന്റെ നിര്മാണത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില് എസി റോഡില് മാമ്പുഴക്കരിയില് നിന്നും എടത്വ മാമ്പുഴക്കരി റോഡ് വഴി അമ്പലപ്പുഴ-തിരുവല്ല റോഡില് എത്തിച്ചേരാവുന്നതാണ്.
കൂടാതെ എസി റോഡില് മേപ്രാല് ജംഗ്ഷനില് നിന്നും മേപ്രാല് റോഡിലൂടെ ചാത്തങ്കരി വഴിയും അമ്പലപ്പുഴ-തിരുവല്ല റോഡില് എത്തിച്ചേരാമെന്ന് കെഎസ്ടിപി കൊട്ടാരക്കര എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.